
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥയിലെ ചൈനീസ് അതിർത്തിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വീണ്ടും ലോക്സഭയിൽ ഉയർത്തി പ്രതിപക്ഷം. ഇതേ തുടർന്ന് സഭയിൽ ശക്തമായ ഭരണപക്ഷ–പ്രതിപക്ഷ ഏറ്റുമുട്ടൽ. തുടർന്നുണ്ടായ ബഹളത്തെ തുടർന്ന് സഭാ നടപടികൾ തടസ്സപ്പെടുകയും, എട്ട് പ്രതിപക്ഷ എംപിമാരെ സഭാ കാലയളവ് കഴിയുന്നതുവരെ സ്പീക്കർ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിങ് രാജാ വാറിങ്, മാണിക്ക്യം ടാഗോർ, ഗുർജീത് സിങ് ഔജ്‌ല, കിരൺ കുമാർ റെഡ്ഡി, പ്രശാന്ത് പഡോലെ, എസ്. വെങ്കിടേശൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 11ന് വീണ്ടും ചേരും.
ഇന്നലെ ലോക്സഭയിൽ സംസാരിക്കവെ, നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ ഭാഗങ്ങൾ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ഇന്ന് വീണ്ടും വിഷയം ഉന്നയിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയും, ബന്ധപ്പെട്ട രേഖകൾ സ്പീക്കർക്ക് കൈമാറുകയും ചെയ്തു. എന്നാൽ, മുൻദിന റൂളിങ്ങിന്റെ അടിസ്ഥാനത്തിൽ വിഷയം വീണ്ടും ചർച്ച ചെയ്യാൻ അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
തുടർന്ന് മറ്റ് അംഗങ്ങളെ സംസാരിക്കാൻ ക്ഷണിച്ചതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങിയത്. പ്രതിഷേധത്തിനിടെ ചില അംഗങ്ങൾ പേപ്പറുകൾ വലിച്ചെറിഞ്ഞു. ഇതിനെ തുടർന്ന് സഭ ആദ്യമായി പിരിഞ്ഞു. ഉച്ചയ്ക്ക് മൂന്നിന് സഭ വീണ്ടും ചേർന്നപ്പോൾ, പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി കിരൺ റിജിജു പ്രമേയം അവതരിപ്പിച്ചു. പ്രമേയം അംഗീകരിച്ച സ്പീക്കർ സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചു.
ജനറൽ നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയിൽ, 2020 ഓഗസ്റ്റിൽ കിഴക്കൻ ലഡാക്കിലെ റെചിൻ ലാ മേഖലയിൽ ചൈനീസ് സൈന്യം നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിശദീകരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും, ഇന്ത്യയുടെ സൈനിക നീക്കത്തിന് അനുമതി ലഭിക്കാൻ വൈകിയതായും, ഒടുവിൽ ‘സൈന്യം തന്നെ തീരുമാനിക്കട്ടെ’ എന്ന മറുപടിയാണ് ലഭിച്ചതെന്നുമാണ് പുസ്തകത്തിലെ വിവരണം. 2019 മുതൽ 2022 വരെ കരസേനാ മേധാവിയായിരുന്ന കാലത്തെ അനുഭവങ്ങളാണ് നരവനേ ഈ ആത്മകഥയിൽ രേഖപ്പെടുത്തുന്നത്.
അഗ്നിവീർ പദ്ധതിയുടെ വിലയിരുത്തലും ഉൾപ്പെടുന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രതിരോധ മന്ത്രാലയം ഇതുവരെ അനുമതി നൽകിയിട്ടില്ല. 2024 ആദ്യം പുറത്തിറക്കാനായിരുന്നു ലക്ഷ്യമെങ്കിലും, 2023 ഡിസംബറിൽ റിവ്യൂ കോപ്പികൾ വിതരണം ചെയ്തതിന് പിന്നാലെ പുസ്തകം പരിശോധിക്കാൻ മന്ത്രാലയം തീരുമാനിച്ചു. ഇതോടെയാണ് ആമസോൺ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ സ്വീകരിച്ചിരുന്ന മുൻകൂർ ഓർഡറുകൾ റദ്ദാക്കിയത്.











